തനിക്കെതിരെ നടന്നത് ക്രൂരമായ കുറ്റകൃത്യം : ആക്രമിക്കപ്പെട്ട നടി

0
98

തനിക്ക് നേരെ നടന്നത് ഹീനമായ കുറ്റകൃതമാണെന്ന് ആക്രമിക്കപ്പെട്ട നടി. തനിക്കെതിരെ കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താൽപര്യമെന്നും സത്യം കണ്ടെത്തുന്നതിന് തുടരന്വേഷണം നടക്കണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തനിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി ദിലീപ് സമർപ്പിച്ച ഹരജിയെ എതിർത്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങൾ ഹൈക്കോടതിയിൽ പറഞ്ഞത്.

പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകൾ മാധ്യമങ്ങളിൽ കണ്ടതിനെ തുടർന്ന് ഉടൻതന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നെന്നും ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിണമെങ്കിൽ അന്വേഷണം ആവശ്യമാണെന്നും നടി കോടതിയിൽ പറഞ്ഞു. തനിക്ക് നേരെ നടന്ന കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെയാണെന്ന് അറിയണമെന്നും നടി കോടതിയിൽ അറിയിച്ചു.തുടരന്വേഷണത്തെ എതിർത്തുകൊണ്ട് നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസിൽ കക്ഷി ചേരണമെന്ന് കാണിച്ച് നടി നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. തുടർന്നാണ് തന്റെ ഭാഗം കോടതിയിൽ നടി വിശദീകരിച്ചത്.