ജീവതത്തിലും മരണത്തിലും തനിച്ച്: പ്രതാപ് പോത്തൻ യാത്രയായി

0
44

നടനും നിർമ്മാതാവുമായ പ്രതാപ് പോത്തൻ അന്തരിച്ചു.69 വയസായിരുന്നു.ചെന്നൈയിലുള്ള ഫ്‌ളാറ്റില്‍ വെച്ചായിരുന്നു അന്ത്യം. ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.മരണകാരണം എന്താണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മലയാളം,തമിഴ്,കന്നട,തെലുഗു, ഹിന്ദി എന്നീ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. ഋതുഭേദം, ഡെയ്സി, ഒരു യാത്രാമൊഴി എന്നീ മലയാളചിത്രങ്ങളും തെലുഗിൽ ചൈതന്യ എന്ന ചിത്രവും തമിഴിൽ ജീവ, വെറ്റ്രിവിഴ, ലക്കിമാൻ തുടങ്ങിയ ചിത്രങ്ങളും അടക്കം ഏകദേശം മുപ്പതോളം ചിത്രങ്ങൾ പ്രതാപ് പോത്തൻ സം‌വിധാനം ചെയ്തു.1952ൽ തിരുവനന്തപുരത്ത് വ്യാപാരികളുടെ ഒരു കുടുംബത്തിലാണ്‌ പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

മദ്രാസ് പ്ലയേഴ്സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ‌ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. പിന്നീട് തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. നെഞ്ചെത്തെ കിള്ളാതെ, പന്നീർ പുഷ്പങ്ങൾ, വരുമയിൻ നിറം ശിവപ്പു എന്നീ ചിത്രങ്ങളിലെ അഭിനയം തമിഴിലും പ്രതാപിനെ പ്രശസ്തനാക്കി. കെ. ബാലചന്ദർ സം‌വിധാനം ചെയ്ത വരുമയിൻ നിറം, ശിവപ്പു എന്ന ചിത്രത്തിലെ പ്രതാപിന്റെ അഭിനയമാണ്‌ ഇവയിൽ അവിസ്മരണീയമായത്.

1985-ൽ നടി രാധികയെ പ്രതാപ് പോത്തൻ വിവാഹം കഴിച്ചു.എന്നിരുന്നാലും, അവരുടെ വിവാഹജീവിതം അധികനാൾ നീണ്ടുനിന്നില്ല, 1986-ൽ അവർ വേർപിരിഞ്ഞു. തുടർന്ന് സീനിയർ കോർപ്പറേറ്റ് പ്രൊഫഷണലായിരുന്ന അമല സത്യനാഥിനെ 1990-ൽ അദ്ദേഹം വീണ്ടും വിവാഹം കഴിച്ചു.22 വർഷത്തിന് 2012-ൽ ഈ വിവാഹ ബന്ധവും വേർപ്പെടുത്തി. ദമ്പതികൾക്ക് 1991-ൽ ജനിച്ച കേയ എന്ന ഒരു മകളുണ്ട്.