ആസിഡ് ആക്രമണത്തിൽ കാഴ്ച നഷ്ടപ്പെട്ട യുവാവിനെതിരെ അറസ്റ്റിലായ അടിമാലി സ്വദേശിനി ഷീബയുടെ മൊഴി. കാമുകന്റെ നേരെ ആസിഡ് ഒഴിക്കാൻ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നൽകാത്തതിലും പണം നൽകാമെന്ന് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ ഷീബയുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
അടുപ്പത്തിലായിരുന്ന സമയത്ത് അരുൺ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേർത്തിരുന്നെന്നും ഇത് വിളിച്ച് കിട്ടിയെങ്കിലും അരുൺ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതുസംബന്ധിച്ച് ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടുവെന്നും ഒരു ദിവസം പണം നൽകാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി അരുൺ തന്നെ കെട്ടിയിട്ട് മർദ്ദിച്ചെന്ന് ഷീബ പോലീസിനോട് വെളിപ്പെടുത്തിയതായാണ് വിവരം.
ആസിഡ് ആക്രമണത്തിൽ അരുൺ കുമാറിനെ പ്രതിയാക്കാണ് ലക്ഷ്യമിട്ടതെന്ന് ഷീബ പൊലീസിനോട് സമ്മതിച്ചു. എന്നാൽ ആക്രമണം അരങ്ങേറിയ ഇരുമ്പുപാലം സെന്റ് ആന്റണീസ് പള്ളിയുമായി ബന്ധപ്പെട്ടു സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്ന് ഷീബയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായി. ഷീബയെ കോട്ടയം വനിതാ ജയിലേക്ക് മാറ്റി, ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.
ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടർന്ന് ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.അതേസമയം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ അരുണിന്റെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. തുടർന്ന് പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.
ഇതിന് ശേഷമാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. റബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിൻറെ മുഖത്തൊഴിച്ചത്. ഇരുവരും 2 വർഷം മുൻപ് പ്രണയത്തിലായതിനു ശേഷം ഷീബ ഹോം നഴ്സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 5 മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു. അടുത്ത നാളിലാണ് അരുൺ കുമാർ വേർപിരിയാൻ തീരുമാനിച്ചത്. തുടർന്നാണ് ആസിഡ് ആക്രണത്തിനു ഷീബ മുതിർന്നതെന്നു പൊലീസ് പറഞ്ഞു. മുരിക്കാശേരിയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നാണ് ആസിഡ് എത്തിച്ചതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.