കരിക്ക് കച്ചവടക്കാരൻ ആംബുലൻസ് ഓടിക്കാൻ ശ്രമിച്ചു ;അപകടം

0
102

കോട്ടയത്ത് കരിക്ക് കച്ചവടക്കാരൻ  നിർത്തിയിട്ടിരുന്ന ആംബുലൻസ് ഓടിക്കാൻ ശ്രമിച്ചതിനെത്തുടർന്ന്‌ ആംബുലൻസ്‌ മൂന്നു വാഹനങ്ങളിലിടിച്ചു നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട്‌ നാലു മണിയോടെ കട്ടച്ചിറ മാവിൻചുവട്ടിലായിരുന്നു അപകടം നടന്നത്. നിർത്തിയിട്ടിരുന്ന ആംബുലൻസ് ഓടിക്കാനുള്ള കരിക്ക് വില്പനക്കാരന്റെ ശ്രമമാണ്‌ അവസാനം അപകടത്തിൽ കലാശിച്ചത്‌.

പാലാ ജനറലാശുപത്രിയുടെ ആംബുലൻസ് ഡ്രൈവർ കരിക്ക് കുടിക്കാനായി വാഹനം റോഡരികിൽ  നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ സമയം കരിക്ക് വില്പനക്കാരനായിരുന്ന പിറയാർ സ്വദേശിയായ മുരുകൻ ആംബുലൻസിൽ കയറി വാഹനം സ്റ്റാർട്ട്‌ ചെയ്‌തു മാറ്റിയിടാൻ ശ്രമിക്കുകയായിരുന്നു.എന്നാൽ ഗിയറിട്ടതോടെ വാഹനം പിന്നോട്ട് ഓടി. പിന്നാലെവന്ന രണ്ട് ഓട്ടോറിക്ഷകളിലും നിർത്തിയിട്ടിരുന്ന ബൈക്കിലും ഇടിച്ചുകയറുകയായിരുന്നു.

ബൈക്കിൽ ഇരിക്കുകയായിരുന്ന കടപ്പൂർ സ്വദേശി കുഞ്ഞുമോനും ആട്ടോറിക്ഷയിലെ യാത്രക്കാർക്കും നിസാരമായ പരിക്കുകൾ സംഭവിച്ചിരുന്നു .വാഹനത്തിനിടയിൽപെട്ട സണ്ണി ജോസഫ് നിസ്സാര പരിക്കോടെ അദ്‌ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ കുഞ്ഞുമോനെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂർ എസ്‌.ഐ. കുര്യൻ മാത്യുവിന്റെ നേതൃത്വത്തിൽ പോലീസ് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചു.