ഇന്ധനവില വർദ്ധിപ്പിച്ചാൽ ഇങ്ങനെതന്നെ ചെയ്യണം : വീഡിയോ

0
149

ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ വില ഇരട്ടിയായി വർധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയതിനെ തുടർന്ന് കസാഖിസ്ഥാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഇന്ധനവില നിയന്ത്രണം സർക്കാരിൽ നിന്ന് മാറ്റിയതോടെയാണ് വില കുത്തനെ വർധിച്ചത്. കസാഖിസ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവാണ് കസാഖിസ്ഥാനിലെ എറ്റവും വലിയ നഗരമായ അൽമാട്ടിയിലും എണ്ണ സമ്പന്നമായ മാംഗ്സ്റ്റൗ മേഖലയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ജനുവരി 5 മുതൽ ജനുവരി 19 വരെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് പ്രദേശങ്ങളിലും രാത്രി 11 മുതൽ രാവിലെ 7 വരെ കർഫ്യൂ നിലവിലുണ്ടാകും.കഴിഞ്ഞ 2ാം തിയതിയാണ് രാജ്യത്ത് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധം ആരംഭിച്ചത്. ഹൈഡ്രോകാർബൺ സമ്പുഷ്ടമായ മാംഗ്സ്റ്റൗവിൽ എൽ.പി.ജിയുടെ വില ഇരട്ടിയായി വർധിച്ചതാണ് പ്രതിഷേധത്തിന് കാരണം, ഇന്ധനത്തിന്റെ വില ലിറ്ററിന് 60 ടെഞ്ചിൽ (ഇന്ത്യൻ രൂപ 10) നിന്ന് 120 ടെഞ്ച് ആയി 2022 ൽ ഉയർത്തിയിരുന്നു.

വാഹനങ്ങളുടെ പ്രധാന ഇന്ധനമെന്ന നിലയിൽ താരതമ്യേന വിലകുറഞ്ഞ എൽ.പി.ജിയെയാണ് മാംഗ്സ്റ്റൗ ആശ്രയിക്കുന്നത്. ഇന്ധനവിലയിലെ മാറ്റം ഭക്ഷ്യ ഉത്പന്നങ്ങളടക്കമുള്ളവയുടെ വിലയെ ബാധിക്കുന്നുണ്ട്. കൊവിഡ് കാലം മുതൽ വില വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് സർക്കാർ ഇരട്ടിയായി വില വർധിപ്പിച്ചത്. ഇതോടെയാണ് ജനങ്ങൾ വ്യാപകമായി തെരുവിലിറങ്ങിയത്.

പ്രതിഷേധത്തെ തുടർന്ന് 120 ടെൻഞ്ചിൽ നിന്ന് 50 ടെൻഞ്ചായി ഇന്ധനവില കുറച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാനായില്ല. ഇതിനെ തുടർന്നാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് കണ്ണീർ വാതകവും സ്റ്റൺ ഗ്രനേഡും പ്രയോഗിച്ചതും പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിപ്പിച്ചു. പ്രസിഡന്റ് ടോകയേവിന്റെ മുൻഗാമിയും ഉപദേഷ്ടാവുമായ നൂർസുൽത്താൻ നസർബയേവിനെതിരെയും സർക്കാരിനെതിരെയുമാണ് പ്രതിഷേധങ്ങൾ തുടരുന്നത്.

ഓൾഡ് മാൻ ഔട്ട്’ ‘സർക്കാർ രാജി വെയ്ക്കുക’, തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാർ ഉപയോഗിക്കുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ രാജ്യത്ത് ടെലിഗ്രാം, സിഗ്‌നൽ, വാട്ട്സ്ആപ്പ് തുടങ്ങിയ മെസെഞ്ചർ ആപ്പുകൾ ലഭിക്കുന്നില്ല. പ്രതിഷേധത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത രണ്ട് സ്വതന്ത്ര മാധ്യമ വെബ്സൈറ്റുകൾ ബ്ലോക്ക് ചെയ്തതായും റിപ്പോർട്ടുണ്ട്.