0
266

ഓരോ വിഭാഗത്തിനും അർഹതപ്പെട്ട സംവരണം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നാക്ക സംവരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സംവരണത്തിന്റെ പേരിൽ വിവാദത്തിനാണ് ശ്രമം നടക്കുന്നത്. വൈകാരിക പ്രശ്നമാക്കി ഭിന്നിപ്പിനാണ് ശ്രമം. യഥാർഥ പ്രശ്നത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഈ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലുള്ള സംവരണം ആർക്കും ഇല്ലാതായിട്ടില്ല. നിലവിലെ സംവരണം അട്ടിമറിച്ചല്ല സാമ്പത്തിക സംവരണം നടപ്പിലാക്കിയത്. 10% സംവരണത്തിന്റെ പേരിൽ വലിയ വിവാദം ഉണ്ടാക്കാനാണ് പലരും ശ്രമിക്കുന്നതും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജനവിഭാഗത്തെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്നാക്കക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്താനുള്ള സാമ്പത്തിക സർവേ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ എല്ലാവർക്കും ജീവിത യോഗ്യമായ സാഹചര്യം ഉണ്ടാക്കുകയാണ് പ്രധാനം. നിലവിൽ അതില്ല, അതിന് കാരണം വ്യവസ്ഥിതിയാണ് ഇത്തരം അവസ്ഥയ്ക്ക് അറുതി വരുത്താൻ യോജിച്ച പോരാട്ടം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

നിലവിലെ സംവരണം അട്ടിമറിക്കാൻ ഉദ്ദേശം ഇല്ല, ഒരു വിഭാഗത്തിന് ആനുകൂല്യങ്ങൾ കിട്ടുന്നത് കാരണമാണ് തങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടാത്തതെന്ന് ചിലർ വാദിക്കുന്നു. ഇത് ശരിയായ പ്രവണതയല്ല. സംവരണേതര വിഭാഗത്തിൽ ഒരുകൂട്ടംപേർ പരമദരിദ്രരാണ്. ഒരു സംവരണവും അവർക്ക് ലഭിക്കുന്നില്ല. ഇതാണ് 10 ശതമാനം സംവരണം വേണമെന്ന ആവശ്യത്തിലേക്ക് എത്തിച്ചത്.

സംസ്ഥാനത്ത് 50% സംവരണം പട്ടികജാതിപട്ടിക വർഗ വിഭാഗങ്ങൾക്കും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും കൂടി നിലനിൽക്കുന്നുണ്ട്. ബാക്കിവരുന്ന പൊതുവിഭാഗത്തിലെ 50% ൽ 10%ന് പ്രത്യേക പരിഗണന നൽകുന്നതാണ് ഇപ്പോൾ വരിക. സംവരണേതര വിഭാഗത്തിൽ ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവർക്കാണ് ഈ സംവരണ ആനുകൂല്യമെന്നും ഈ സംവരണം ഏതെങ്കിലും സംവരണ വിരുദ്ധ നിലപാടായി മാറുന്നില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. സംവരണത്തെ വൈകാരിക പ്രശ്‌നം ആയി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവർ യഥാർത്ഥ വിഷയത്തിൽ നിന്നും വഴി തിരിക്കാൻ ആണ് നീക്കം നടത്തുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.